Monday, December 31, 2012

ഇന്നിന്റെ താളുകള്‍ മറിയുമ്പോള്‍......

ആഹ്ലാദാരവങ്ങളോടെ വരവേറ്റ വര്‍ഷത്തെ
ആദരവോടെ ഓര്‍മ്മകള്‍ക്കുള്ളില്‍
കബറടക്കുന്നതിന്റെ നിമിഷങ്ങള്‍
പടിവാതിലില്‍ എത്തി നില്‍ക്കയാണ്...

എത്ര വേഗമാണ് ഒരാണ്ടു നല്‍കിയ
സ്വപ്നങ്ങളുടെയും മോഹഭംഗങ്ങളുടെയും
വിലക്കയറ്റത്തിന്റെയും പീഢനപരമ്പരകളുടെയും
സുനാമി തിരകളെ സുമനസ്സുകള്‍
ഓര്‍മ്മകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചകന്ന്
പുത്തന്‍ പ്രത്യാശകളുടെ ആഹ്ലദത്തേരിലേറുന്നത്..

സ്വപ്നങ്ങളുടെയും വേദനകളുടെയും
കരിന്തിരി നീറി പുകയുന്നുണ്ട് ഇപ്പോഴും ചില താളുകളില്‍...
വേദനയുടെ കറുപ്പും അനുരാഗത്തിന്റെ ചുവപ്പും
കലര്‍ന്ന അക്കങ്ങളിലൂടെ
നീ വര്‍ഷവും ഗ്രീഷ്മവും ഹേമന്തവും
ശരത്കാലവും സമ്മാനിച്ച് നടന്നകലുമ്പോള്‍
എപ്പോഴൊക്കെയോ വിധിയുടെ പടവുകളില്‍
നീ തടവിലാക്കിയ കിനാക്കളെ തച്ചുടച്ചതിന്റെ
ചില്ലുകള്‍ പാദങ്ങളില്‍ മുള്ളു കൊണ്ട നീറ്റല്‍ പോലെ
മനസ്സില്‍ പുകയുന്നുണ്ട്...

അതുകൊണ്ടു തന്നെ,
നീ പുതിയ താളുകളില്‍
പുതിയ രൂപത്തില്‍ കടന്നു വരുമ്പോള്‍
വീണ്ടും പ്രതീക്ഷയുടെ ഒരു ചെരാതു പോലും
മനസ്സില്‍ കൊളുത്തി വയ്ക്കാന്‍ എനിക്ക് കഴിയുന്നില്ല...
നീ നല്‍കുന്ന പുലരികളില്‍
സന്തോഷത്തിന്റെ ഒരു ചെറുസുഖവും
കിനാക്കളുടെ നോവും നുണയാന്‍ ഞാന്‍ ഒരുക്കമാണ്...
ഒരു മഴപ്പാറ്റ പോലെ നിന്നില്‍ ഓര്‍മ്മയാകുവാനും....

Saturday, December 29, 2012

ഇത് കേരളം...

തീരത്തെ 
കാര്‍ന്നെടുക്കുന്നതിനായി
ആര്‍ത്തലച്ചെത്തും
തിരമാലകളെക്കാള്‍..


സര്‍വ്വസംഹാര

താണ്ഡവമായൊടുക്കും
അഗ്നിജ്വാലകളെക്കാള്‍..

മേഘഗര്‍ജ്ജനം മുഴക്കി

മിന്നല്‍പ്പിണരുകള്‍
വേരോടിച്ച് എത്തുമാ 
പേമാരിയേക്കാള്‍..

ആഞ്ഞുവീശീ

തട്ടിത്തെറുപ്പിച്ച് 
പാഞ്ഞടുക്കും
കൊടുങ്കാറ്റിനേക്കാള്‍..


നീ ഭയക്കുക

ഇത് ..കേരളം 
കേരളം ...

മാതൃഹത്യ ചെയ്ത
പരശുരാമന്‍
വീണ്ടെടുത്തതാണീ
കേരളം.....

രാത്രി തന്‍
അന്ത്യയാമത്തില്‍
കുക്കുട വേഷം പൂകി
പാവമാം മുനിപത്നിയെ
പ്രാപിച്ച ദേവനെ
വേവേന്ദ്രനായി
വാഴ്ത്തി പാടുന്നതാണീ
കേരളം....

പതിനാറായിരത്തെട്ടു
സഖിമാരൊത്ത്
കേളികളാടി 

നടക്കുമാ ദേവനു 
പുണ്യതുളസിയാല്‍
ഹാരമര്‍പ്പിയ്ക്കുന്നതാണീ
കേരളം...

പത്നിയെ അഗ്നിയില്‍
വിശുദ്ധിതന്‍ മാറ്റുരച്ചിട്ടും
രാജനായി വാഴ്ന്നീടാന്‍
വനത്തിനുപേക്ഷിച്ച
ശ്രീരാമനെ

വാഴ്ത്തുന്നതാണീ
കേരളം....

മത്സ്യഗന്ധിയാം
കന്യകയെ കേവലമൊരു
കേവഞ്ചിയില്‍ പുകമറ
തീര്‍ത്ത് കവര്‍ന്നെടുത്ത
പരാശരമുനിയെ
വാഴ്ത്തുന്നതാണീ
കേരളം.....

വേളി കഴിച്ചൊരു
പാവം പെണ്ണിനെ
അന്‍പാലൊന്നു
പിന്തിരിഞ്ഞു
നോക്കീടാതെ
നടന്നകന്ന 

സ്വാമിയെ
സാമൂഹ്യ

പരിഷ്കര്‍ത്താവായി
വാഴ്ത്തുന്നതാണീ
കേരളം...


പീഢനപരമ്പരകള്‍
അരങ്ങേറുമ്പോള്‍
കണ്ണുകള്‍ വിടര്‍ത്തു
കാതോര്‍ത്ത് നടക്കൂ

നഖങ്ങള്‍ക്ക്
മൂര്‍ച്ച കൂട്ടൂ...

നടവഴികള്‍ തന്‍
പാതയോരങ്ങളില്‍
ഭാഷണങ്ങളില്‍
പതുങ്ങിയിരിക്കും
നരഭോജികളെ 
തിരിച്ചറിയൂ... 

പിച്ചിച്ചീന്തൂ വലിച്ചെറിയൂ
കൊന്നു കൊലവിളിക്കൂ

നശിക്കട്ടെ
നരാധമന്മാര്‍

രക്ഷ നേടട്ടെ 
അബലകളെന്നു
മുദ്ര ചാര്‍ത്തിയ 
പാവം മഹിളകള്‍
ഇത് കേരളം കേരളം...

Tuesday, December 25, 2012

ഹേ!! ഡിസംബര്‍ !! അറിയുന്നുവോ നീ..

വേനലിന്റെ
കണ്ണീര്‍ ചുമന്ന്
പുലരി മഞ്ഞിലും
ധൂമങ്ങളെ പായിച്ച്
ഇലച്ചാര്‍ത്തുകളോട്
കിന്നരിച്ചു പായുന്ന
കുസൃതിക്കാറ്റിലും

ഹേ !! ഡിസംബര്‍
നിന്നെ ഞാന്‍ അറിയുന്നു...


പോയ ദിനങ്ങളില്‍
എന്നോ തേടിയണഞ്ഞ
സന്തോഷസന്താപങ്ങളില്‍
ലാഭനഷ്ടതുലാസ്സുകളില്‍
കൂട്ടുകൂടി വേര്‍പിരിഞ്ഞ
പ്രണയസൌഹൃദങ്ങളില്‍
ഇഴചേര്‍ത്ത് തുന്നിയോരു
വര്‍ണ്ണാഭയാര്‍ന്ന നിന്‍
ഉടയാട വലിച്ചെറിയുമ്പോള്‍

ഹേ!! ഡിസംബര്‍
അറിയുന്നുവോ നീ..

ക്ഷണിക ഭ്രമങ്ങളില്‍
ഉന്മത്തരായ നരാധമന്മാര്‍
തകര്‍ത്തെറിഞ്ഞൊരു
പാവമാം പെണ്ണിന്റെ 

നോവും ദീനരോദനവും
കനിവൂറും നന്മനസ്സുകളില്‍
അലയടിച്ചുയരും ആധിയും 
പ്രതിഷേധ പ്രകമ്പനവും..


Sunday, December 23, 2012

..

നോവിന്‍ മിന്നല്‍പ്പിണര്‍
മണിനാഗം പോല്‍ 
മനസ്സില്‍ ചുറ്റുപിണയുന്നു.. 

അകാരണമായൊരു ഭയം
ശ്വാസ നിശ്വാസങ്ങളില്‍

ചിറകൊതുക്കി 
ഇഴഞ്ഞു നീങ്ങുന്നു..

ഘടികാരത്തിന്‍ നേര്‍ത്ത
ഒച്ച ആയുസ്സിനെ മെല്ലെ

ഭയാനകമായി 
കൊന്നു തിന്നുന്നു..

മറവിയിലൊളിക്കാത്ത 

ചിന്തകള്‍ പിന്നിട്ട വഴികളില്‍
ആരും കാണാതെ 
തമ്മില്‍ കലഹിക്കുന്നു ..

ഗുല്‍മോഹറിന്‍ പൂക്കളെ

ഉമ്മ വച്ച് ഇന്നലെയുടെ 
പ്രണയം ഉറങ്ങുന്നു..

പുഞ്ചിരിയില്‍ വീണ്ടും 

വേദനയുടെ നുര തിരയിളക്കം..

 

Monday, December 17, 2012

..


വാക്കുകള്‍ക്കതീതമായി 
നോവിനെ പ്രണയിക്കുന്ന മനസ്സ്..
ചുറ്റും ഓര്‍മ്മകളാകുന്ന വണ്ടത്താന്റെ നൃത്തം ...
വേനല്‍ രാവുകളിലൊങ്ങോ 

പാതിമുറിഞ്ഞ കിനാവിന്റെ നിഴലാട്ടം...
മുന്നില്‍ നരച്ച സ്വപ്നങ്ങളുടെ 

കൊഴിഞ്ഞ ഇലകള്‍ വീണ നടപ്പാത..
പുനര്‍ജ്ജനി തേടി വീണ്ടും 

പാവമൊരു ആത്മാവിന്റെ ഞരക്കം...

Wednesday, December 5, 2012

...........

എന്നെ മൂടിയ വെള്ളാരങ്കല്ലുകള്‍ക്ക് മേല്‍
ഓര്‍മ്മകളൂടെ നനവാര്‍ന്ന മിഴികളില്‍
എന്നെ നിറച്ച് നീ നല്‍കിയ
ചുവന്ന റോസാപ്പൂക്കളിന്നു വാടി തുടങ്ങി..
നിന്നിലെ നിറഞ്ഞ ഓര്‍മ്മകള്‍ പോലെ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...