Wednesday, January 28, 2015

യാത്രകളില്‍ ഒറ്റപ്പെടുമ്പോള്‍.....

ഒരു യാത്രയെ കുറിച്ച്
അയാള്‍ ആദ്യമായി ചിന്തിച്ചത്
പ്രാരാബ്ദങ്ങളുടെ
ഉച്ച നേരത്തായിരുന്നു


പകലിനെ പോലെ
ഏറെ തിരക്കായിരുന്നു
പിന്നെയുള്ള ചിന്തകള്‍ക്ക്

വാത്സല്യം ചുരത്തിയ
അമ്മ മനസ്സ് തുലാതോര്‍ച്ചയെ
തോല്‍പ്പിക്കുന്നത് കാണാന്‍
ഇനി കാരണമാകരുതല്ലോ.

പ്രണയം ചോര്‍ത്തിയെടുത്ത
കാത്തിരിപ്പിന്‍റെ ചാലുകളിലേക്ക്‌
മൌനം ഒരുക്കുന്ന കാലവര്‍ഷത്തിന്‍റെ
തീരാപ്പക കടമെടുക്കണം

ചിന്തകളുടെ വേവുകളില്‍
പാകപ്പെടുത്തിയെടുത്ത
പൊള്ളുന്ന ഒരു ദിനത്തിന്‍റെ
സായന്തനമായിരുന്നു അന്ന്

പടിയിറക്കത്തിന്‍റെയേതോ
ഇടുങ്ങിയ നിമിഷത്തില്‍
കൊരുത്തു വലിച്ച ഒരു നോട്ടത്തിന്‍റെ
ഇഷ്ട വല ഭേദിച്ച്

വീട്ടാക്കടങ്ങളും കിട്ടാക്കടങ്ങളും
കൊമ്പു കോര്‍ക്കാത്ത നടവഴിയിലൂടെ
വിഴുങ്ങപ്പെടാത്ത ഒരു ഗദ്ഗദം
ഉള്ളിലടക്കി അയാള്‍ യാത്രയായി ....

Sunday, January 25, 2015

ഇനി എനിയ്ക്കായ്‌ പറഞ്ഞു വയ്ക്കട്ടെ ഞാനും ......



കണ്ണുകള്‍ വേണമെനിക്ക്      
ഓര്‍മ്മകളിലലിയുമ്പോള്‍  
വിതുമ്പി തുളുമ്പിടാത്ത 
തിളക്കമേറും കണ്ണുകള്‍!

ഇഷ്ടനഷ്ടങ്ങളിലെന്നും  
നിറനിലാവു പോല്‍  
പുഞ്ചിരി കൊളുത്തുന്ന
കരളുറപ്പു വേണമെനിക്ക്   
ചിന്തകളില്‍ വെന്തുരുകാതെ
മുന്നില്‍ കാത്തു നില്‍ക്കും 
നാളെകള്‍ക്ക് കൂട്ടിരുത്തുവാന്‍
വേണമെനിക്ക്  കനവുകള്‍ !!

വിരല്‍ത്തുമ്പുപേക്ഷിക്കു-
മെന്നറിഞ്ഞിട്ടും മാനം തേടും  
കടലാസ്സു പട്ടം പോല്‍
നിറമാര്‍ന്ന കനവുകള്‍ കാണാന്‍ 
ഉള്‍ക്കണ്ണു വേണമെനിക്ക്
വാക്കുകള്‍ക്കുള്ളിലൊളിച്ചിരിക്കും
വഴുക്കലുകളില്‍ വീണു നിലതെറ്റിടാതെ  
കാതങ്ങള്‍  കാണുവാന്‍  
തീ പോല്‍ ജ്വലിക്കും
ഉള്‍ക്കണ്ണുകള്‍ !!
   
കാലത്തിനു 
ചിറകുമുളയ്ക്കുന്ന വേളയില്‍
മറവികള്‍ക്ക് വായ്ക്കരിയൂട്ടുവാന്‍
ഇഷ്ടനിമിഷത്തിന്‍റെ ഇത്തിരി വറ്റൊന്നു
കരുതി  വച്ചീടെണമെനിക്ക്....


Wednesday, January 21, 2015

സനാഥന്‍റെ അനാഥ മരണം ....

മരണം കുറുകിയ
നേരത്ത്
തണുപ്പിന്‍റെ
പുതപ്പു മൂടി
അപരിചിതങ്ങളിലെക്ക് 
അയാള്‍ മടങ്ങുകയായി
പരിചിത വഴികള്‍
നഷ്ടപ്പെടും മുമ്പ്
ഒരിക്കല്‍ കൂടി
ഓര്‍മ്മയുടെ
അടയ്ക്കുകയും
തുറക്കുകയും
ചെയ്യുന്ന
വാതില്‍പ്പടിയില്‍
കാത്തുനിന്നിട്ടുണ്ടാവും

അരുമ കൈകളാല്‍
അനാഥത്വത്തിന്‍റെ
കൂരയിലേക്ക്
നട തള്ളിയ
ദിനത്തിന്‍റെ
ദൈന്യതയില്‍
ഒരു വേള
നൊമ്പര
പെരുക്കങ്ങളിപ്പെട്ട്
തേങ്ങികരഞ്ഞിട്ടുണ്ടാവും

ജീര്‍ണ്ണിച്ചു പോയ
ബന്ധങ്ങള്‍
പട്ടിന്‍റെയും
പൂക്കളുടെയും
കിട്ടാക്കടങ്ങളുമായി
ചുറ്റുമെത്തിയപ്പോള്‍
സനാഥത്വത്തിന്‍റെ
ഉള്‍ച്ചൂടില്‍
തീ നിറമാര്‍ന്ന്‍
ഉയര്‍ന്നുയര്‍ന്നു
ഒരു ശലഭമായ്
അപരിചിത
വഴികളിലേക്ക്
അയാള്‍ പറന്നു പോയി..

Tuesday, January 20, 2015

യാത്രകള്‍ക്കെന്നും ............

യാത്രകള്‍ക്ക് 
അകം നിറയ്ക്കുന്ന 
തിടുക്കമുണ്ട് 
കാഴ്ച നിറയ്ക്കുന്ന 
കരുതലും

വെയില്‍ തിന്ന
വളവുകളും
തിരിവുകളും
തണല്‍ തേടാതെ
വിയര്‍ത്തും കിതച്ചും
കാത്തു നില്‍ക്കും

മുറിവുകളേയും
പിടച്ചിലുകളെയും
പൊതിഞ്ഞെടുക്കാന്‍
പാകത്തില്‍
ഒരു നോട്ടത്തിന്‍റെ
ദൂരമളന്ന്
കുണ്ടും കുഴിയും
ഒളിച്ചിരിക്കും

വഴിത്തിരഞ്ഞും
നേര്‍വഴി കണ്ടും
തിരക്കിന്‍റെ ദാഹം
ഊറ്റി കുടിച്ചും
പടി കടന്നെത്തുമ്പോള്‍

യാത്രകള്‍ക്കെന്നും
അകം നിറയ്ക്കുന്ന
തിടുക്കമുണ്ടാകും
കാഴ്ച നിറയ്ക്കുന്ന
കരുതലും

Sunday, January 18, 2015

കേരളം ഓടുന്നു

കേരളം ഓടുന്നു
കേള്‍ക്കാനേറെ സുഖം
എവിടേക്ക് ....
എന്തിനായി......

മകളെ ലാളിക്കാനാവാത്ത
അമ്മയെ ആദരിക്കാനാവാത്ത
സഹോദരിയെ സംരക്ഷിക്കാനാവാത്ത
കാമഭ്രാന്തന്മാരെ കൊന്നൊടുക്കാത്ത
അഴിമതിക്കാരെ അഴിയിലാക്കാത്ത
കേരളം ഓടുന്നു പോലും.....
എവിടേക്ക് ....
എന്തിനായി......

മലിനജലമൊഴുകുന്ന പാതയിലൂടെ
ദുര്‍ഗന്ധം വമിക്കുന്ന കാറ്റേറ്റ്
മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടു കണ്ട്
മരിച്ചു കിടക്കുന്ന മരങ്ങള്‍ക്കരികിലൂടെ
തെരുവ് നായകള്‍ക്കിടയിലൂടെ
വിശപ്പിന്‍റെ വിളികള്‍ മുഴങ്ങുന്ന
കുടിലൊച്ചകള്‍ കാതോര്‍ക്കാതെ
കുണ്ടും കുഴിയും ചവിട്ടി കടന്ന്
കേരളം ഓടുന്നു പോലും ....
എവിടേക്ക് ....
എന്തിനായി...







Friday, January 16, 2015

എന്നിലെ .....

മൌനം... 
നിനയാത്ത നേരത്ത് അനുവാദമില്ലാതെ 
മനം മുറിഞ്ഞ് നിറയുന്ന ഓര്‍മ്മകള്‍ 

നഷ്ടം ....
പിണങ്ങി വീണ കരിയിലകള്‍ക്കൊപ്പം 

മണ്ണടിഞ്ഞു പോയ കുറുമ്പുകള്‍ 
പൂത്തു നിന്ന കാലം  ..

ഇഷ്ടം ...
ഒറ്റ ചുംബനത്താല്‍ 
ഭൂമിയെ ചുട്ടുപൊള്ളിക്കുന്ന 
സൂര്യന്‍റെ വെയില്‍ നിഴലുകള്‍ ..

വാക്ക് ....
പിറുപിറുക്കുന്ന ചിന്തകളുടെ
ചോദ്യങ്ങള്‍ തേടുന്ന ഉത്തരങ്ങള്‍ ..

സ്വപ്നം ...
പകലിന്‍റെ ഒഴുക്കിലേക്ക് 
ചിറകറ്റു വീണ പക്ഷിയുടെ 
മനസ്സ് തേടുന്ന നീലാകാശം ...

ഞാന്‍ ...
സമയത്തിന്‍റെ തെളിയാത്ത ഭാഷയില്‍ 
എഴുതി ചേര്‍ത്ത വര്‍ത്തമാനത്തിന്‍റെ
കണക്കു പുസ്തകം ...

ഞാനും നീയും ....
ഒറ്റപ്പെട്ടവന്‍റെ പുഞ്ചിരി പോലെ 
ഉള്ളുരുകി വീഴുമ്പോഴും 
ചുറ്റും ഇത്തിരി പ്രകാശം വിതറി 
കാലത്തിന്‍റെ മറവിയിലേക്ക് നടക്കുന്നവര്‍ ...





Tuesday, January 6, 2015

ഒരു മിന്നാമിന്നി ചിത്രം

മായാത്ത ചിത്രങ്ങള്‍ക്കിനി വെള്ള പൂശണം
തെളിയാത്ത പാതകള്‍ക്ക് ഉള്‍ക്കണ്ണിനാല്‍ കാഴ്ചയും
മുഖത്ത് വിരിയുന്ന പുഞ്ചിരിയെ
വിരിയാതെ കൊഴിയുന്ന പൂക്കളായും
നിദ്രയില്‍ പൂക്കുന്ന കിനാക്കളെ
ഇലയനക്കത്തില്‍ ഉണരുന്ന നിഴലുകളായും
ഇനി ദൂരത്ത്‌ ഉപേക്ഷിക്കണം ...
ഓര്‍മ്മവട്ടങ്ങളില്‍ പുകഞ്ഞ് ഒടുങ്ങുന്ന
കിനാവുകളുടെ ചാമ്പലുകളില്‍
നിറം ചേര്‍ത്ത് ഒരു ചിത്രം വരയണം
ഇത്തിരി കൈവെട്ടവുമായി
ഇരുളിന്‍റെ മാറത്ത് പറ്റിച്ചേര്‍ന്നു
പാറി പാറി പറന്നു പോകുന്ന
ഒരു മിന്നാമിന്നി ചിത്രം ....

Monday, January 5, 2015

ഒരു മഞ്ഞുത്തുള്ളിക്ക് പറയാനുള്ളത്

മരണം കാത്ത നിശയുടെ മാറില്‍
മുഖം ചേര്‍ത്ത് കാതരയായവള്‍
മൊഴിഞ്ഞു മെല്ലെ

നാളകളിലേക്കില്ല തെല്ലുമൊരു
സ്വപ്നവുമെന്‍ ചാരെ ...
നിന്നിലലിഞ്ഞോഴുകുമീ
നിലാവലയിലൊരു
മഞ്ഞുകണമായതെന്‍
ജന്മ പുണ്യമല്ലേ....

നാളെ പുലര്‍കാലേയണഞ്ഞിടും
സ്വര്‍ണ്ണത്തേരിലേറി ഞാന്‍
യാത്ര ചൊല്ലവേ

എന്തു ഞാന്‍ നല്‍കേണ്ടതിനി
തണലായ്‌ തുണയായ്
എന്നെ ചുമന്നൊരീ
കൊച്ചു പനിനീര്‍പൂവിന്....

Sunday, January 4, 2015

നാം കടലായി തീരുമ്പോള്‍....

നടവഴികളില്‍
നാം ഇരുവരും
ഒരുമിച്ചു
നടക്കുമ്പോള്‍
നമ്മുടെയുള്ളില്‍ 
മൌനം
ഒരു കടലായി
ഇരമ്പുന്നു

നമ്മളില്‍ നമ്മള്‍
മാത്രം അറിയുന്ന
കടല്‍....

തിരകളാര്‍ക്കുന്ന
ഒച്ചയുള്ള കടല്‍

ഒരുമിച്ചൊരു
നോട്ടമെത്തുമ്പോള്‍
മിഴിത്തുമ്പിനാല്‍
നാം നമ്മിലൊരു
ഭൂപടം വരയുന്നു
തിരികെ പോകാന്‍ 
വെമ്പുന്ന പകലിന്‍റെ 
തിരമാലകള്‍
മായ്ച്ചു മായ്ച്ചു
കളയുന്നൊരു
ഭൂപടം

നിനവുകളറിയാതെ
വെയില്‍
നിഴലുകളറിയാതെ
മാഞ്ഞു പോകുന്ന ഭൂപടം

Saturday, January 3, 2015

എനിക്കിഷ്ടം...

തെളിച്ചു വച്ച കിനാക്കളുടെ
മുന്നിലിരുന്ന് വരും നാളുകളെ
കാതോര്‍ക്കാനല്ല
ഇന്നലെകളെ കാണാനാണ്
എനിക്കിഷ്ടം ...
തുറന്നു വച്ച ഗ്രന്ഥങ്ങള്‍ക്ക്
മുന്നിലിരിക്കുമ്പോള്‍
ഇന്നലെകളെ ചികയാനല്ല
നാളെകളെ കാത്തിരിക്കാനാണ്
എനിക്കിഷ്ടം ....
വായിച്ചറിഞ്ഞ പുരാണങ്ങളിലെ
കാപട്യങ്ങളുടെ നുണകളെ കാണാനല്ല
ഒറ്റപ്പെടലിന്‍റെ ഇരുളില്‍ കരയുന്ന
സുകൃതങ്ങളുടെ നേരുകള്‍ തേടാനാണ്
എനിക്കിഷ്ടം ....
മൌനം സ്വാസ്ഥ്യം തേടുന്ന
ഓരോ നിമിഷത്തിലും
നിലയ്ക്കുന്ന പുഴയെ കാണാനല്ല
വാക്കിന്‍റെ നെറുകയില്‍
പെയ്യുന്ന മഴ നനയുവാനാണ്
എന്നുമെന്നും എനിക്കിഷ്ടം...

ഡിസംബര്‍

നീ യാത്ര ചൊല്ലീടുമ്പോള്‍
നിന്നിലോളം തുളുമ്പും
കടലോളം കണ്ണിരും
പെയ്തു തോരാകിനാവും
കാണുന്നു ഞാന്‍

ആഴത്തില്‍ വേരാഴ്ത്തും
നോവുകള്‍ തന്‍ ശേഷിപ്പും
മരണവഴി തേടിയകന്നോരാ
നാളുകള്‍ തന്‍ നിലവിളികളും
വരുംകാല നാളിന്‍ കഥകളായി
നിനക്കിനി എഴുതേണ്ടതില്ല

ദുര മേയും അകത്താളുകളില്‍
അഴിമതി നുണയാന്‍ നാവുകള്‍ നീട്ടും
കാവല്‍നായ്ക്കള്‍ തന്‍ കൌശലങ്ങളും
വെറിയന്‍ക്കണ്ണുകള്‍ റാഞ്ചിയൊടുക്കും
പിഞ്ചു ബാല്യത്തിന്‍ ചോരതുടിപ്പും
കണ്ടു നിനക്കിനി നോവേണ്ടതില്ല

തീരാവ്യാധികള്‍ തൊട്ടു നുണയുമീ
വിഷക്കനികള്‍ തളിര്‍ത്ത മണ്ണും
പാതി വഴിയില്‍ ഉടഞ്ഞു പോകും
പുഴകള്‍ തന്‍ വിതുമ്പലുകളും
വിഷപുക തിന്നുതിന്നൊടുങ്ങും
ജീവന്‍റെ വല്ലാത്ത ഞരങ്ങലും
ഇനി മേല്‍ നിനക്ക് കാണേണ്ടതില്ല

പടിയിറക്കത്തിന്‍ വേളയില്‍
പാതി ചാരിയ വാതില്‍പ്പടി മേല്‍
പെയ്തു നനഞ്ഞ നിന്‍ കണ്ണീര്‍ കിടക്ക
ഇനി കാത്തു വച്ചോളു , വരും
നാളുകള്‍ക്കായി നീ മാറ്റി വച്ചോളു

നേരുള്ള നടത്തം ....

വിജനം ..മൂകം
തിരുമുറിവുകളുടെ
ഉറുമ്പിന്‍ സഞ്ചാരം
കെട്ടുപിണഞ്ഞ
നൊമ്പരങ്ങള്‍
നനഞ്ഞ കവിള്‍ത്തടം

കഥയില്‍ നിന്നും
കഥയില്ലായ്മയിലേക്ക്
പുറപ്പെട്ട പൊള്ളുന്ന
നെഞ്ചകത്തിലെ
കളിവാക്കുകളുടെ
നിയതി കുറിച്ചിട്ട
ഒളിത്താവളം

വിഴുങ്ങുന്ന
തീജ്വാലകളിലേറി
മേഘശീലുകളില്‍
ഒളിച്ചിരുന്ന്
ചര്യകള്‍ തെറ്റാതെ
ഒരു നിലാകുളിരായി
ഓര്‍ക്കാതെ തൊടുന്ന
ചാറ്റല്‍ മഴയായി

ജ്വലിക്കുന്ന
വിരലൊതുക്കി
കാഴ്ചയില്‍ നിന്നും
ഇരുളുമറിയാ
ആഴങ്ങളിലേക്ക്
പൊയ്മുഖമില്ലാതെ
നേരുള്ള
ഒരു നടത്തം

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...